വല്യമ്പലത്തിൽ ഉത്സവം
Published on 04/02/2026
വല്യമ്പലം എന്നു പറഞ്ഞാൽ ആൾക്ക് മനസ്സിലാകില്ല. ഹനുമാരമ്പലം എന്ന് പറഞ്ഞാലും ശ്രീരാഘവപുരം ക്ഷേത്രം എന്നു പറഞ്ഞാലും മനസ്സിലാകും. ചെറുതാഴം വാരണക്കോട്ടില്ലത്തിന്റെ വകയിൽ ഉള്ള ഏറ്റവും വലിയ ക്ഷേത്രമാണ് ഹനുമാരമ്പലം .
എന്റെ കുട്ടിക്കാലത്ത് ഇല്ലത്താണ് തിരുവാഭരണ പെട്ടികളും ആനയുടെ നെറ്റിപ്പട്ടങ്ങളും വെഞ്ചാമരങ്ങളും വിളക്കുകളുമെല്ലാം സൂക്ഷിച്ചിരുന്നത്. ഇവ അമ്പലത്തിലേക്ക് എടുത്ത് കൊടുക്കുന്നതിനും ഉത്സവം കഴിഞ്ഞാൽ തിരിച്ചെടുക്കുന്നതിനുമെല്ലാം കുഞ്ഞഫനോടൊപ്പം ഒരു ശിങ്കിടിയായി ഞാനുമുണ്ടായിരുന്നു.
വല്യമ്പലത്തിൽ ഉത്സവത്തോടൊപ്പം കഥകളി പുരസ്കാരം നല്കാനും അച്ഛൻ തന്നെയാണ് വർഷങ്ങൾക്ക് മുമ്പ്ഏർപ്പാട് ചെയ്തത്. ആയത് അച്ഛന്റെ മരണശേഷവും തുടരാൻ ഇല്ലത്തുനിന്ന് തീരുമാനിച്ചതു കാരണം ഇപ്പൊഴും തുടരുന്നുണ്ട്. നാളെ ഉത്സവബലി ദിവസം വാരണക്കോട് കഥകളി പുരസ്കാര സമർപ്പണം പ്രസിദ്ധ കഥകളി ചെണ്ട കലാകാരൻ കുറുർ വാസുദേവൻ നമ്പൂതിരിക്ക്നല്കുന്ന ചടങ്ങിൽ പങ്കെടുത്ത് ആദരഭാഷണം നടത്താൻ പാരമ്പര്യ ട്രസ്റ്റിയായ എന്റെ വല്യേട്ടൻ ഡോ. വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി കല്പിച്ചതിൻ പ്രകാരം കൃത്യ നിർവ്വഹണം നടത്താൻ പോവുകയാണ്.