ശ്രീമദ്ദേവീമഹാഭാഗവതം
ഏഴാം സ്കന്ധം
ഇരുപത്തേഴാമദ്ധ്യായം
Published on 16/01/2026
സൂതൻ:
സഭാര്യനായ് പുത്രനൊത്തു
നാകമാം ശ്രേഷ്ഠസദ്ഗതി
അണഞ്ഞാലും മഹാത്മാവേ!
സ്വകർമ്മ ഫലമായി നീ.
ധർമ്മൻ:
അന്നു നിൻക്ലേശമാമട്ടിൽ
കണ്ടറിഞ്ഞാത്മമായയാൽ
ഞാൻ തന്നെ ചാണ്ഡാളനായ് നിന്നെ
പറയപ്പുരകാട്ടിനേൻ .
ഇന്ദ്രൻ:
ഈ മന്നിലേതു നരനും
പ്രാർത്ഥിക്കും ദിവ്യമപ്പദം
പുണ്യവാന്മാർക്കുള്ള ലോക-
മേറിയാലും നരോത്തമ!
ഹരിശ്ചന്ദ്രൻ:
ഉമ്പർനായക! കുപ്പുന്നേൻ!
കേട്ടാലും മമ ഭാഷിതം:
കോസലത്തിങ്കലുണ്ടെന്നെ-
യോർത്തു ദുഃഖിച്ചിടും ജനം :
അവരേയും വിട്ടു വിണ്ണി -
ലെമ്മട്ടേറേണ്ടു ഞാൻ, വിഭോ ?
ബ്രഹ്മഹത്യ, സുരാപാനം,
ഗോവധം, നാരിതൻ വധം,
ഭക്തത്യാഗവുമവ്വണ്ണം
മഹാപാതകമല്ലയോ
സേവിക്കും ഭക്തനെ ക്കൈവി-
ട്ടിടുവോന്നെങ്ങുവാൻ സുഖം ?
അവരില്ലാതെ ഞാൻ പോരു -
ന്നില്ല; പൊയ്ക്കൊൾക! വിണ്ണിൽ നീ.
അവരും കൂടിയെന്നൊപ്പ-
മുണ്ടെന്നാൽ ദ്യോവിലേറുവൻ!
അവരൊപ്പം ഞാൻ വരുവൻ!
വിഭോ! നരകമാകിലും.
ഇന്ദ്രൻ:
അവർതൻ പുണ്യപാപങ്ങൾ -
ക്കന്തരം പലതില്ലയോ?
കൂട്ടത്തോടാ നാകസുഖ-
മെമ്മട്ടിച്ഛിപ്പു നീ, നൃപ ?
ഹരിശ്ചന്ദ്രൻ :
പ്രജാപ്രഭാവം കൊണ്ടല്ലീ
മന്നവൻ നാടുവാഴ്വതും
കർമ്മം മുഴിപ്പിക്കുവതും
മഹായാഗങ്ങൾ ചെയ് വതും?
തത് പ്രഭാവത്തിനാൽ മാത്രം
ചെയ്തേൻ ഞാൻ സർവ്വകർമ്മവും;
കരമേകുന്നോരെ വിടാ ,
സ്വർഗ്ഗഭോഗേച്ഛകൊണ്ടു ഞാൻ .
അതിനാൽ ജപദാനേഷ്ടി-
കർമ്മങ്ങൾ ചിലതെങ്കിലും
ഞാൻ ചെയ്തിരിക്കുകിൽ സർവ്വ -
മൊപ്പം ഞങ്ങൾ ഭുജിക്കണം.
എൻകർമ്മത്താൽ നീണ്ടുനില്ക്കും
ഫലമുണ്ടെന്നിരിക്കിലും
അവരൊപ്പമതിങ്ങൊറ്റ-
നാൾ പോരും, കരുണാനിധേ!