Govinda Varma Raja

SMART 1972 : KOZHIKODE CHAPTER

ഞങ്ങളുടെ ഉടപ്പിറപ്പുകളേ… മാടായി നഗരേ….

ഞങ്ങൾ മാടായിക്കാർ, അതായത് മാടായി ഹൈസ്കൂളിൽ 1969 - 1972 കാലത്ത് പഠിച്ചവർ മാട് ആയി പോയവരല്ല; മറിച്ച് മാട് എന്ന വാക്കിൻ്റെ മാറ്റുള്ള മറ്റ് അർത്ഥങ്ങൾ വഹിക്കുന്നവരാണ്. ‘മാട് ‘ എന്നാൽ പൊങ്ങിയ സ്ഥലം എന്ന അർത്ഥമുണ്ട്. മാടായിപ്പാറയും വടുകുന്ദപ്പുഴയും പറക്കുളവും ജൂതക്കുളവുമെല്ലാം സമതലത്തിൽ നിന്നും പൊന്തിനിലക്കുന്നതാണ്. മാടായി എന്ന പദ പുരാണം തന്നെ ഈ സവിശേഷത മൂലം വന്നതായിരിക്കാം. മാട് എന്നതിന് സൗന്ദര്യം എന്നും സ്വർണ്ണം എന്നും അർത്ഥമുണ്ടെന്ന് കാണുന്നു. തനിതങ്കത്തിൻ്റെ മാററുള്ള സ്വഭാവക്കാർ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളതുകൊണ്ടും സത്സ്വഭാവം തന്നെയാണ് സൗന്ദര്യമെന്നതുകൊണ്ടുമായിരിക്കാം ഇത്രയ്ക്ക് അർത്ഥം അനുയോജ്യമായത്.

SMART 1972 - Lantern and Group Photo

ചരിത്രപരമായി മാടായി കോലത്തുനാടിൻ്റെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. തെയ്യത്തിൻ്റെ നാടായ മലബറിലെ ഒരു പ്രധാന സങ്കേതവും മാടായി തന്നെ. തെയ്യം ഒരുങ്ങി പുറപ്പെട്ടാൽ ഓരോ സമുദായത്തേയും പേര് ചൊല്ലി വിളിക്കും. ചിറക്കൽ തമ്പ്രാക്കളെ വിളിക്കുന്നത് “നാടുവാഴുന്നുടയവരേ”യെന്നാണ്. നമ്പൂതിരിമാരെ അവരുടെ അവസ്ഥക്കനുസരിച്ച് ഇല്ലപ്പേരു ചേർത്ത് “തന്ത്രി”യെന്നോ അല്ലെങ്കിൽ “പെരിഞ്ചെല്ലൂർ ഗ്രാമേ” എന്നുമാണ് അഭിസംബോധനചെയ്യാറ്. നായന്മാരെ “ആറുകിരിയന്മാരെ” എന്നും മൂവാരി സമുദായത്തിൽ പ്പെട്ടവരെ “പന്ത്രണ്ടില്ലം നാല് കാർണോർ സ്ഥാനേ” എന്നും തിയ്യസമുദായത്തിൽപ്പെട്ടവരെ “എട്ടില്ലം കരുമനേ” യെന്നുമാണ് വിളിക്കാറ്. എന്നാൽ മുസ്ലീം മതത്തിൽപ്പെട്ടവരെ തെയ്യം അഭിസംബോധന ചെയ്യുന്നത് “മാടായി നഗരേ “എന്നാണ്. മാടായി സ്കൂളിൽ പഠിക്കുമ്പോഴേ ജൂതക്കുളവും സുൽത്താൻ തോടും എല്ലാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ മടായിയുടെ മതേതര കൂട്ടായ്മയുടെ നേരറിവുണ്ടായിട്ടുണ്ട്.

അഭിവന്ദ്യനായ ബി.പി. കേശവൻ മാഷുടെ മരുമകനായ ഞങ്ങളുടെ സഹപാഠി ബി പി മോഹനൻ, ഞങ്ങളുടെ പഠന കാലത്ത് മാടായി സ്കൂളിൽ യുവജനോത്സവത്തിൻ്റെ ഭാഗമായി 'ഇബിലീസിൻ്റെ ദുനിയാവ്' എന്നൊരു നാടകം ചെയ്തിരുന്നു. ആ ദുനിയാവിനെക്കാളും മനോഹരമായ ഒരു ദുനിയാവ് സ്മാർട്ടിലൂടെ നമുക്ക് കിട്ടിയിരിക്കയാണ്. നമ്മുടെ സ്വന്തം കലാകാരൻ മോഹൻകുമാർ മൂംബൈറിസർവ് ബേങ്ക് മാനേജറായ തൻ്റെ മകൻ നവനീത് മോഹനൻ്റെ പ്രേയസി ഡോ:ലക്ഷ്മി മേനോൻ്റെ കോഴിക്കോട് തിരുവണ്ണൂരിലുളള വീട്ടിൽ ഒരു മംഗളകർമ്മത്തിൽ സംബന്ധിക്കാൻ വന്നതായിരുന്നു. മോഹൻകുമാറിൻ്റെ സഹധർമ്മിണി ശ്രീമതി രാഗിണിയേയും കൂട്ടി മസ്ക്കറ്റിൽ ജോലി ചെയ്യുന്ന ഭാര്യാ സഹോദരപുത്രനായ വിനോയിനെ സാരഥിയാക്കി കാറിൽ വന്നതാണ്. അപ്പോഴാണ് മാടായി നഗരത്തിൽപ്പെട്ട പ്രവാചക കുടുംബത്തിലെ വിശിഷ്ടവനിത എന്നർത്ഥം വരുന്ന ഷെരീഫ ചേവായുരുണ്ടെന്ന കാര്യം ഓർമ്മ വന്നത്. അങ്ങനെ മൂന്ന് മണിക്ക് കണ്ണൂരിൽ ഉത്തരവാദിത്വപ്പെട്ട ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതു കൊണ്ട് കാറിൽ കോഴിക്കോട്ടേക്ക് വന്ന ശ്രീമതി രാഗിണി മോഹനെ നമ്മുടെ മോഹൻ കുമാർ ബസ്സ് കയറി ഒറ്റക്ക് കണ്ണൂർക്ക് വിട്ടു.

പിന്നീട് മോഹനും ഞാനും വിനോയിൻ്റെ നിയന്ത്രണത്തിൽ ചേവായൂർക്ക് കുതിച്ചു. കീർത്താഡ്സിൻ്റെ എതിർ വശത്തുള്ള വൃന്ദാവൻ കോളനിയിലേക്ക് കാറ് തിരിച്ചു. കോളനിയിലേക്ക് കടക്കുമ്പോൾ ഷരീഫയുടെ വീട് എവിടെയാണെന്ന് മുന്നിൽ കണ്ട ഒരു ചെറുപ്പക്കാരനോടന്വേഷിച്ചപ്പോൾ 'ഷരീഫാൻ്റിയുടെ വീടല്ലെ' എന്ന് തിരിച്ച് ചോദിച്ചപ്പോഴാണ് ഷരീഫയുടെ നിലയും വിലയും മനസ്സിലായത്. വീട്ടിലെത്തിയപ്പോൾ കുടുംബ നാഥൻ ബഷീർക്ക സുസ്മേരവദനനായി നില്ക്കുന്നു. ഷരീഫയുടെ ജീവിതത്തിലേക്ക് സ്വന്തം പേരിൻ്റെ അർത്ഥമഹിമയ്ക്കുചിതമായ പ്രത്യാശയും നല്ലതുടക്കവും നല്കിക്കൊണ്ട് നന്മയുടെ മുന്നേറ്റക്കാരനായി വന്ന ബഷീർക്കയാണ് മുന്നിൽ. കുറച്ചു സമയത്തേക്ക് ചേവായൂർ മാടായിയായി മാറി. ഒരു കലാകുടുംബത്തിൻ്റെ തിളക്കം മുഴുവൻ ആ വീടിൻ്റെ ചുമരുകളിൽ കാണുന്നുണ്ട്. അമ്പത്തിയഞ്ച് വർഷത്തിൻ്റെ പ്രായം ആ പ്രൗഢമായ വീടിന് നോക്കിയാൽ കാണുന്നില്ല. ഗൃഹവാസികളെപോലെ ഗൃഹത്തിനും ചെറുപ്പം.

അപ്പോൾ അവിടെ ഒത്തുചേർന്നവരെല്ലാം ശരിക്കും ലോകം കണ്ടവരാണ്. മോഹൻ കുമാറാണെങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ അമ്മാവൻ്റെ നിർമ്മാണ കമ്പിനിയിൽ ഉത്തരേന്ത്യയിൽ ജോലി ചെയ്തതു കൊണ്ട് ഔദ്യോഗികാവശ്യാർത്ഥം സ്വദേശത്തും വിദേശത്തും നിരവധി യാത്ര ചെയ്തയാളാണ്. ബഷീർക്കയും ഷരീഫയും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തതു കാരണവും ലോകം കണ്ടവരാണ്. വിനോയ് ആണെങ്കിൽ ഡ്രൈവിങ്ങ് മുതൽ മത്സ്യബന്ധനം വരെ മറുനാട്ടിൽ പോയി നടത്തുന്ന പ്രാപ്തൻ. നാടൻ സാങ്കേതിക വിദ്യയിലൂടെ മത്സ്യം പിടിക്കുന്നതിൽ ഇദ്ദേഹം മിടുമിടുക്കനാണ്. ഞായറാഴ്ച്ച ഷെരീഫയുടെ വീട്ടിൽ ഒത്തുകൂടിയവരെല്ലാം യാത്രയിലൂടെ ലോകം കണ്ടവരാണ്; അനുഭവ ജ്ഞാനികളാണ്. സ്വന്തമായി കാറ്ററിങ്ങ് നടത്തി വിജയിച്ചിരുന്ന ഷരീഫ ഞങ്ങൾക്ക് വേണ്ട വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ടാക്കി യാതൊരു തത്രപ്പാടുമില്ലാതെ ലോകകാര്യങ്ങളെല്ലാം സംസാരിച്ചു.

പച്ചമരുന്നു തറിച്ചുവില്ക്കുന്ന മദാറുടെ പീടികയും ആധുനിക ചികിത്സനല്കുന്ന ബീവി ഡോക്ടറും ഒരു കാലത്ത് മാടായിയുടെ ആതുരശുശ്രൂഷാമുഖങ്ങളാണ്. ഞങ്ങളുടെയൊക്കെ സൗഹൃദത്തിന് പ്രചോദനമേകുന്ന ദൈവത്തിൻ്റെ ദാസി എന്ന അർത്ഥമുള്ള അബിദ എന്ന നാമധാരിയായ സതീർത്ഥ്യ അസാന്നിദ്ധ്യത്തിലും ഞങ്ങളിൽ സജീവമായി വന്നു. മോഹൻകുമാറിൻ്റെ കലാവൈഭവത്തിന് ഏറ്റവും കൂടുതൽ പ്രേരണ നല്കുന്നത് ആബിദയും ഷരീഫയുമാണ്. മോഹൻ കുമാറിന് ഇന്ത്യയുടെ നാനാഭാഗത്തും ലോകത്തിൻ്റെ പല ഭാഗത്തും വലിയൊരു സുഹൃദ് വലയമുണ്ട്. അവരെല്ലാം മോഹൻ കുമാറിൻ്റെ സർഗ്ഗവൈഭവത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാൽ മോഹനൻകുമാർ എപ്പൊഴും ആഗ്രഹിക്കുന്നത് മാടായി ഹൈസ്കൂളിലെ തൻ്റെ സഹപാഠികളുടെ പരിലാളനമാണ്.

ആർട്ട് ഗാലറി ഉദ്ഘാടനസമയത്ത് എനിക്ക് മോഹൻകുമാറിൻ്റെ ചിത്രം സ്പോൺസർ ചെയ്യാനോ വാങ്ങിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ മോഹൻ കുമാർ ഫോക് ടച്ചുള്ള പഴയ പാനിസ് വരച്ചുകണ്ടപ്പോൾ സൂരിനമ്പൂതിരിയെ പോലെ നമുക്ക് ഭ്രമം കലശലായി. അപ്പോൾ അതങ്ങട് സ്പോൺസർ ചെയ്തേക്കാമെന്ന് നിനച്ചു. ഷരീഫയും ബഷീർക്കയും തന്ന നാട്ടു വിഭവങ്ങൾ വിശേഷിച്ചും പച്ചക്കറിക്കാരനായ എനിക്കായി ഉണ്ടാക്കിയ വിശിഷ്ടവിഭവങ്ങൾ മാടായി നഗരത്തിൻ്റെ കൈപ്പുണ്യമായി നാവിൽ ഊറുന്നു. വൃന്ദാവൻ കോളനിയിലെ സതീർത്ഥ്യ സമാഗമത്തിൽ മൂവരാണുണ്ടായതെങ്കിലും സ്മാർട്ടിനെ മുഴുവൻ അവിടെയെത്തിക്കുന്ന വിധം ഏവരേയും ഓർത്തു. രണ്ട് മണിക്ക് ഷരീഫയുടെ വീട്ടിൽ നിന്നുമിറങ്ങി. മോഹൻകുമാർ വീട്ടിൽവിടാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ എന്നെ ബൈപ്പാസിൽ തൊണ്ടയാട് ജങ്ക്ഷനിൽ ഇറക്കാൻ പറഞ്ഞു. പിന്നെ അവിടെ നിന്നു 7 കിലോമിറ്റർ മോഹൻ കുമാറിൻ്റെ വർണ്ണജാലങ്ങളിൽ മനസ്സൂന്നിക്കൊണ്ട് മാങ്കാവിലേക്ക് നടന്നു.