നാടൻ കലയുടെ സ്വാധീനം കഥകളിയിൽ ആടാൻ ഒരുങ്ങുന്നു
Published on 20/01/2026
കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പൂന്തോട്ടം ആയുർവ്വേദ അശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കഥകളി പ്രതിഭ കലാമണ്ഡലം രാമൻകുട്ടി നായർ ജന്മശതാബ്ദി സിമ്പോസിയത്തിൽ നാടൻ കലയുടെ സ്വാധീനം കഥകളിയിൽ എന്ന വിഷയം പറയാൻ അധികൃതർ വിളിച്ചിരിക്കയാണ്.
സൂഫി പറഞ്ഞ കഥ എന്ന നോവൽ വായിച്ച് ഭ്രമിച്ച് പരിഭ്രമം വന്ന ഞാൻ രാമനുണ്ണിയുടെ നോവലിനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുകയും നേരിൽ പറയുകയും ചെയ്ത സൗഹൃദത്തിന്റെ പുറത്ത് ഗോവിന്ദവർമ്മരാജയെ നായകനാക്കി നോവൽ എഴുതിയ ശ്രീ കെ.പി. രാമനുണ്ണി അന്നും ഇന്നും ആ സൗഹൃദം തുടരുന്നത് കൊണ്ട് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിപാടികൾക്കെല്ലാം എന്നെ ഓർമ്മിക്കാറുണ്ട്.
അതുപോലെ മഹാകവി വള്ളത്തോളും മണക്കുളംമുകുന്ദ രാജയുമായും എന്റെ മുത്തച്ഛനും അച്ഛനുമായുണ്ടായ സൗഹൃദത്തിന്റെ ബലത്തിൽ പ്രൊഫസർ അനിൽ വള്ളത്തോളും ചേർത്തുപിടിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ഒരു കത്തിവേഷം കിട്ടിയത്.
കുട്ടിക്കാലം തൊട്ട് കഥകളി കഴിഞ്ഞ ദിവസങ്ങളിൽ കുട്ടി കഥകളിക്കും തെയ്യം കഴിഞ്ഞ ദിവസങ്ങളിൽ കുട്ടി തെയ്യങ്ങൾക്കും പറമ്പിൽ കൂട്ടുകാർക്കൊപ്പം ഒരു തരം പൊറാട്ട് വേഷം കെട്ടി കളിച്ച ഊക്കുമായിട്ടാണ് 24-01-2026 ന് പാലക്കാട് കുളക്കാടുള്ള പൂന്തോട്ടം ആയുർവേദാശ്രമത്തിലേക്ക് ചുവട് വെക്കുന്നത്.
രാമൻകുട്ടി ആശാന് ആദരം .